കൊണാർക്ക് ഗണപതി ഓർമ്മകളിൽ In Konark Ganapathi memories
കൊണാർക്ക് ഗണപതി ഓർമ്മകളിൽ..345
******************************************
കുന്നുംകുളത്തുകാരുടെ അഭിമാനമായിരുന്നു തും ഒരു സമയത്ത് ആന കേരളത്തിൽ ഏറെ അറിയപ്പെട്ടിരുന്നതുമായ കൊമ്പൻ.ആനച്ചന്തം ഗണപതി മേളച്ചന്തം
എട്ടും പൊട്ടും തിരിയാനിത്തിരി നാടൻ ചന്തം അതായിരുന്നു ഇവൻ. ഇവൻ നമ്മളെ എല്ലാം വിട്ടു പോയിട്ട് ഇന്നേക്ക് എട്ടു വർഷം തികയുന്നു. കഥകളിലൂടെ തിരിഞ്ഞു നോക്കുമ്പോൾ
കുന്നംകുളം തെക്കേപ്പുറത്തു വീട്ടിൽ നിരവധി കൊമ്പൻമാർ അരങ്ങു വാണിരുന്ന ഒരു കാലമുണ്ടായിരുന്നു, അതിൽ പ്രമുഖനായ ഒരു കൊമ്പൻ അതായിരുന്നു ഗണപതി, ഒരു കാലത്ത് ഉത്സവ പറമ്പുകളിലെ നിറസാന്നിധ്യമായിരുന്നവൻ,കൊണാർക് ആന തറവാട്ടിലെ ബിനോയി എന്ന മുതലാളിക്ക് സ്വന്തമായിരുന്ന താരപദവിയുള്ള കൊമ്പൻ, കൊണാർക്ക് ഗണപതി, നിരവധി ഗണപതിമാർ ആന കേരളത്തിന് നിറപകിട്ട് പകർന്നിട്ടുണ്ടെങ്കിലും കാടുകയറി തിരിച്ചിറങ്ങിയ കൊണാർക്ക് ഗണപതി വേറിട്ട ഒരു കഥാപാത്രം തന്നെയായിരുന്നു.തലയെടുപ്പും നെറ്റിപ്പട്ടത്തിന്റെ തിളക്കവും ഉപേക്ഷിച്ച് വാളയാറിൽ കാട്ടിനുള്ളിലെ നടുപ്പതിയിൽ ഇവൻ നിത്യനിദ്രയുടെ ആഴങ്ങളിലേയ്ക്ക് യാത്രയായെങ്കിലും മലയാളികളായ ആനപ്രേമികളുടെ മനസ്സിൽ ഇവൻ ഇന്നും ജീവിക്കുന്നു.പുരുഷാരങ്ങളെ തലയെടുപ്പിന്റെ സൗന്ദര്യലഹരിയിൽ മയക്കിയ കൊണാർക്ക് ഗണപതി കാടുകയറിയ കഥകൾ ഇന്നും വിസ്മയത്തോടെയാണ് ആനപ്രേമികൾ കേട്ടിരിക്കുന്നത്.ഗണപതിയെക്കുറിച്ച് പറയുമ്പോൾ ഇവൻ കുന്നംകുളത്തിന്റെ മനസപുത്രൻ തന്നെ ആയിരുന്നു. എടുത്തു പറയേണ്ട കാര്യം കുന്നംകുളത്തെ മിക്കവാറും പൂരങ്ങളിൽ ഇവൻ നിറസാന്നിധ്യമായിരുന്നു..
2015 സെപ്റ്റംബർ പത്തൊൻപതാം തിയതി, ആന കേരളത്തിൻ്റെ കറുത്ത ദിനങ്ങളിൽ ഒന്നായിരുന്നു, അതായത് 2002 ൽ അതെ പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൻ്റെ മണ്ണിൽ എത്തിപ്പെട്ട ഇവൻ മുപ്പത്തി ഏഴാമത്തെ വയസ്സിൽ ഈ ലോകത്തോട് ഒരുപാട് സ്വപ്നങ്ങൾ ബാക്കിവെച്ച് യാത്രയായി.പേരിൽ തന്നെ ഒരു പുതുമ ഉള്ള ഒരു കൊമ്പൻ ആയിരുന്നു.
ഉത്തർ പ്രദേശിലെ വനമേഘലകളിൽ ആണ് ഗണപതി ജന്മം കൊണ്ടത്. അവിടെ എവിടെയോ മോത്തി എന്ന പേരിൽ ആന വളർന്നു, എന്നാൽ വിധി ബീഹാർ ആന ചന്തയിലൂടെ ദൈവത്തിൻ്റെ സ്വന്തം മണ്ണിൽ എത്തിപ്പെടാനാണ് ഭാഗ്യം സിദ്ധിച്ചത്.
ആനയുടെ ചൂരു മാറിയാൽ അത് അറിയുന്നവൻ ആയിരിക്കണം എന്ന് ആന കേരളത്തിന് പറഞ്ഞുതന്ന ഒരു ചട്ടക്കാരൻ ഉണ്ടായിരുന്നു. പാലാക്കാട് സ്വദേശി കടുവാ വേലായുധന് മാത്രം ചേരുന്ന വിശേഷണമാണ് ഇത്. അതിന് ഒരു കാരണം കൂടി ഉണ്ട്. കേരളത്തിലെ ചട്ടക്കാരിൽ ആഗ്രഗണ്യനായ കടുവാ വേലായുധൻ, കൂടെ ബിനോയിയും 2002 ലെ സോൺപൂർ മേളയിൽ നിന്നും നേരിട്ട് പോയി കൊണ്ടു വന്ന കൊമ്പൻ ആണ് കോണർക്ക് ഗണപതി.ഒരു പക്ഷെ കടുവ വേലായുധൻ ആദ്യമായിട്ട് പോയതായിരിക്കണം സോൺപൂരിൽ. എന്നാൽ ഇവിടെ രസകരമായ ഒരു സംഭവം നടന്നിരുന്നു,
കച്ചവടം ഉറപ്പിച്ചു ആനയെ ബിഹാറിൽ നിന്നും കൊണ്ട് വരുന്നതിനിടയിൽ ആണ് ആ കഥ സംഭവിച്ചത്. ആനയെ കൊണ്ടു വരുന്നതിനിടയിൽ ഒരു വനത്തിലേക്ക് ഓടി പോയി എന്നതാണ്. ആനയെ വാങ്ങാൻ പോയ എല്ലാവരും എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്നതിനിടയിൽ പെട്ടന്നു കടുവ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ആനക്കാരൻ, ആനയെക്കാൾ വലിയ ആനക്കാരൻ ആനയുടെ പുറകെ പോയി എന്നതാണ്, എന്നാൽ ആ പോക്ക് ഒരു ആനക്കാരൻ്റെ വിജയത്തിൻ്റെ കഥ കൂടിയാണ്. അതെ കടുവ കാടുകയറി, തിരിച്ചിറങ്ങി കൊമ്പനുമായിട്ട്... അതാണ് കടുവ എന്ന വേലായുധൻ, അസാമാന്യമായ ചങ്കൂറ്റത്തിൻ്റെയും, ജീവൻ പണയം വെച്ചുള്ള ഞാണിൻമേൽ കളിയുടെയും ഫലം ഒന്നു മാത്രമാണ്.
ആനയെ വാങ്ങാൻ പോയവർ കാണുന്നത് ആനയുമായി തിരിച്ചു വരുന്ന കടുവയെയാണ്. ഗജവീരകേസരികളെ വരച്ചവരയിൽ നിർത്താനുള്ള കടുവയുടെ കഴിവ് എത്ര പ്രശംസിച്ചാലും തിരില്ല.ആനയെ വരുതിയിലാക്കാൻ ഭാഷ അല്ല നല്ല ഒരു ചട്ടക്കാരൻ്റെ കഴിവ് ആണ് വേണ്ടെന്നു അദ്ദേഹം തെളിയിച്ചു.ഇന്ന് നമ്മൾ ഈ കഥ ഇവിടെ പറയുമ്പോൾ, കടുവ വേലയുധനും, ഗണപതിയും നമ്മുടെ കൂടെ ഇല്ലതാനും.
സത്യത്തിൽ ആനക്കേരളത്തിന്റെ നികത്താനാവാത്ത നഷ്ട്ടം തന്നെയാണ് ഗണപതിയുടെ വിയോഗം.
സ്വതസിദ്ധമായ സൗന്ദര്യം കൊണ്ട് ഉത്സവപ്പറമ്പുകളിൽ തന്റേതായ സ്ഥാനം ഊട്ടിയുറപ്പിച്ച കൊമ്പൻ.
പകരം വെക്കാനില്ലാത്ത ആനയഴകിൻ്റെ പ്രതിരൂപം. ഒട്ടുമിക്ക ലക്ഷ്ണങ്ങൾ എല്ലാം ഒത്തിണങ്ങിയ കൊമ്പൻ ആയിരുന്നു. അതു പോലെ ഒൻപതര അടിക്കു മുകളിൽ ഉയരം, ഒന്നര അടിയോളം തലപൊക്കവും എല്ലാം ഉണ്ടായിരുന്ന കൊമ്പൻ.
ആനപ്രേമികളുടെ മനസ്സിൽ എന്നെന്നും നീറുന്ന നൊമ്പരവും, ഓർമ്മകളുമാണ്. ഓർമ്മകൾ ഒരിക്കലും മറക്കാൻ കഴിയില്ല,
വളരെ ശാന്തസ്വഭാവം, അച്ചടക്കവുമുള്ള ആനയായിരുന്നു. ആന കേരളത്തിലെത്തി ഏഴുന്നെള്ളിപ്പു ചിട്ടകൾ പഠിച്ചു,വടക്കൻ ജില്ലയിലെ പേരുകേട്ട പൂരങ്ങൾക്ക് ഇവന്റെ സാന്നിധ്യം ഒഴിച്ച്കൂടാനാകാത്തതായിരുന്നു. 2013ൽ തിരുവമ്പാടി ഭാഗത്തിന്റെ കൂടെ മഠത്തിൽ വരവിനും കുടമാറ്റത്തിനും ഉണ്ടായിരുന്നു.
2012-13 സീസണിൽ നൂറ്റി അൻപതിന് മുകളിൽ എഴുന്നെള്ളിപ്പ് എടുത്തിരുന്ന ആന കൂടിയാണ് ഗണപതി. പേരുകേട്ട നിരവധി ചട്ടക്കാർ ഇവനെ കൊണ്ടു നടന്നിട്ടുണ്ട്, അതിൽ, കടുവ വേലയുധൻ, കാട്ടുകാമ്പാൽ സതീശൻ, മണ്ണാർക്കാട് പറമ്പുളി രാജൻ, കൊപ്പം സുബ്രു, കണ്ണുമണി,ചാലക്കുടി സജീ, തുടങ്ങയവർ പ്രമുഖരാണ്, എല്ലാരുടെയും പേരുകൾ എടുത്തു പറയുന്നില്ല.
എന്തു തന്നെയായാലും നല്ല ഒരു മുതൽ തന്നെയാണ് നമുക്ക് നഷ്ട്ടമായത്.ഇവിടെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
നീരിൽ ആയിരിക്കുമ്പോഴാണ് ആന ചെരിയുന്നത്.ഒരു മാസത്തോളമായി ചികിത്സയിൽ ആയിരുന്ന ആനയ്ക്ക് കൈയിലും വായിലും വൃണങ്ങൾ ഉള്ളതായി ചികിൽസിച്ച ഡോക്ടർ പറഞ്ഞതായി പത്രവാർത്തകളിൽ കണ്ടിരുന്നു. 2015 സെപ്റ്റംബറിൽ ആന ചെരിയുന്നതിനു മുന്നേ തന്നെ നീര് കഴിഞ്ഞു വരുന്ന ആനയെ കാത്തു ഉത്സവങ്ങൾക്കായി പല കമ്മിറ്റിക്കാരും ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷെ വിധി മറിച്ചായി എന്നു മാത്രം.ഇവൻ ആന കേരളത്തിൻ്റെ അരങ്ങൊഴിഞ്ഞിട്ടു ആറു വർഷം കഴിഞ്ഞിരിക്കുന്നു. അതു മാത്രമല്ല നമ്മുടെ എല്ലാം മനസ്സുകളിൽ
ഓർമ്മകളിലൂടെ ഗണപതി ഇന്നും ശിരസ്സു ഉയർത്തി നില്ക്കുന്നു, അതെ
ഓർമ്മകളിൽ മായാതെ കുന്നംകുളത്തിന്റെ സ്വന്തം ഗജരാജതിലകം കൊണാർക്ക് ഗണപതിയുടെ മുമ്പിൽ ഒരിക്കൽ കൂടി പ്രണാമം അർപ്പിക്കുന്നു....
...ഹാരീസ് നൂഹു...
Comments
Post a Comment